മരണ വീട്: ഒരു സുന്നത്തും ഒരു ബിദ്അത്തും

മരണ വീട്; ഒരു സുന്നത്തും ഒരു ബിദ്അത്തും
( Group Link: https://chat.whatsapp.com/AewcSKzjF3SHSNFOLiLCHm )
==========================
ഒരു വ്യക്തി മരണപ്പെട്ടാൽ മയ്യിത്തിൻ്റെ ഉറ്റവർ ദുഃഖത്തിലും, പ്രയാസത്തിലും അകപ്പെട്ടിരിക്കുമല്ലോ! ആ അവസരത്തിൽ അവർക്ക് ഭക്ഷണ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത പോലും ഉണ്ടായിക്കൊള്ളണം എന്നില്ല. അതിനാൽ അവരെ സന്ദർശിക്കുന്നവർ തഅ്‌സിയ്യത്ത് ചെയ്യുകയും, അവർക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നത് ഇസ്‌ലാം പുണ്യകർമ്മമാക്കിയിരിക്കുന്നു.

عَنْ عَبْدَ اللَّهِ بْنَ أَبِي بَكْرِ بْنِ مُحَمَّدِ بْنِ عَمْرِو بْنِ حَزْمٍ، يُحَدِّثُ عَنْ أَبِيهِ، عَنْ جَدِّهِ، عَنِ النَّبِيِّ -ﷺ-، أَنَّهُ قَالَ : « مَا مِنْ مُؤْمِنٍ يُعَزِّي أَخَاهُ بِمُصِيبَةٍ إِلاَّ كَسَاهُ اللَّهُ سُبْحَانَهُ مِنْ حُلَلِ الْكَرَامَةِ يَوْمَ الْقِيَامَةِ »

അംറുബ്നു ഹസ്മ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: നബി -ﷺ- അരുളി: “വിപത്തിൽ അകപ്പെട്ട തൻ്റെ സഹോദരനെ സമാശ്വസിപ്പിക്കുന്ന സത്യവിശ്വാസിക്ക് ഖിയാമത്ത് നാളിൽ അല്ലാഹു ആദരവിൻ്റെ വസ്ത്രം അണിയിക്കുന്നതാണ്.” (സുനൻ ഇബ്നുമാജ 1601, ബൈഹഖി; സുനനുൽ കബ്റാ 7087).

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ : لَمَّا جَاءَ نَعْىُ جَعْفَرٍ، قَالَ النَّبِيُّ -ﷺ- : « اصْنَعُوا لأَهْلِ جَعْفَرٍ طَعَامًا، فَإِنَّهُ قَدْ جَاءَهُمْ مَا يَشْغَلُهُمْ »

അബ്ദുല്ലാഹിബ്നു ജഅ്ഫർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ മരണവാർത്തയറിഞ്ഞപ്പോൾ നബി -ﷺ- അരുളി: “നിങ്ങൾ ജഅ്ഫറിൻ്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക. തീർച്ചയായും അതിൽ നിന്നെല്ലാം അശ്രദ്ധമാകുന്ന ഒരു കാര്യം അവർക്ക് വന്നിരിക്കുകയാണ്.” (ജാമിഅ് തിർമിദി 998, സുനൻ അബീദാവൂദ് 3132).

മയ്യിത്തിൻ്റെ ഉറ്റവരെ സമാധാനിപ്പിക്കുകയും, ക്ഷമിക്കുവാൻ പ്രേരിപ്പിക്കുകയും, അവരുടെ ദുഃഖം കുറയ്ക്കുവാൻ പ്രചോദനം നൽകുകയും ചെയ്യുന്നതിനാണ് തഅ്‌സിയ്യത്ത് എന്ന് പറയുന്നത്. തഅ്‌സിയ്യത്ത് സുന്നത്താകുന്നു. അപ്രകാരം തന്നെ മയ്യിത്തിൻ്റെ ഉറ്റവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും സുന്നത്താകുന്നു. നാം മുകളിൽ ഉദ്ധരിച്ച ഹദീസുകൾ ഈ വിഷയത്തിൽ തെളിവാണ്.

എന്നാൽ, നമ്മുടെ നാടുകളിൽ ഒരു വ്യക്തി മരണപ്പെട്ടാൽ ഇസ്‌ലാം പുണ്യമാക്കിയ ഈ രണ്ട് കാര്യങ്ങളും അതിൻ്റെ ശരിയായ രൂപത്തിൽ ആരും ചെയ്യുന്നതായി പൊതുവെ നാം കാണാറില്ല. എന്നല്ല; ഇവയുടെ പേരും പറഞ്ഞ് ആളുകൾ മരണ വീട്ടിൽ സംഘടിക്കുകയും, ദിവസങ്ങളോളം അവിടെ താമസിക്കുകയും, ഇത്തരത്തിൽ സംഘടിച്ചവർക്കും മറ്റുമായി മയ്യിത്തിൻ്റെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുകയും ചെയ്യുന്ന പതിവാണ് പലയിടങ്ങളിലും നടപ്പിലുള്ളത്.

ഇത് നാം മുകളിൽ വിവരിച്ച; ഇസ്‌ലാം സുന്നത്താക്കിയിട്ടുള്ള കാര്യങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായതും, മോശമായ ബിദ്അത്തുകളിൽ പെട്ടതുമാകുന്നു.

ഇക്കാര്യം ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലൊക്കെയും കാണാവുന്നതാണ്.

ഇവ്വിഷയകമായി ശാഫിഈ മദ്ഹബിലെ ആധികാരികവും, ഏവർക്കും സുപരിചിതവുമായ ഏതാനും ഗ്രന്ഥങ്ങളിൽ നിന്നുളള ചില ഉദ്ധരണികൾ ചുവടെ ചേർക്കുന്നു. കാര്യം മനസ്സിലാക്കുന്നവർക്ക് അതുതന്നെ ധാരാളം മതിയല്ലോ!

ഇമാം ശീറാസി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:

« ويستحب لأقرباء الميت وجيرانه أن يصلحوا لأهل الميت طعاماً، لما روي أنه لما قتل جعفر بن أبي طالب -كرم الله وجهه- قال النبي -ﷺ- : اصنعوا لآل جعفر طعاماً، فإنه قد جاءهم أمر يشغلهم عنه »

“മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ മയ്യിത്തിൻ്റെ ബന്ധുക്കൾക്കും, അയൽവാസികൾക്കും സുന്നത്താകുന്നു. ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- വധിക്കപ്പെട്ടപ്പോൾ: “നിങ്ങൾ ജഅ്ഫറിൻ്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക. തീർച്ചയായും അതിനെത്തൊട്ട് അശ്രദ്ധമാകുന്ന ഒരു കാര്യം അവർക്ക് വന്നിരിക്കുകയാണ്!” എന്ന് നബി -ﷺ- അരുളിയതായി റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.” (അൽ മുഹദ്ദബ്: വാല്യം 1, പേജ് 456).

ഇമാം നവവി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:

« يُسْتَحَبُّ لِجِيرَانِ الْمَيِّتِ، وَالْأَبَاعِدِ مِنْ قَرَابَتِهِ، تَهْيِئَةُ طَعَامٍ لِأَهْلِ الْمَيِّتِ، يُشْبِعُهُمْ فِي يَوْمِهِمْ وَلَيْلَتِهِمْ، وَيُسْتَحَبُّ أَنْ يُلِحَّ عَلَيْهِمْ فِي الْأَكْلِ. قُلْتُ : قَالَ صَاحِبُ الشَّامِلِ : وَأَمَّا إِصْلَاحُ أَهْلِ الْمَيِّتِ طَعَامًا، وَجَمْعُهُمُ النَّاسَ عَلَيْهِ، فَلَمْ يُنْقَلْ فِيهِ شَيْءٌ، قَالَ: وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ »

“മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്ന് രാവിലും, പകലിലും ആവശ്യമായ ഭക്ഷണം തയ്യാറാക്കി നൽകലും, ഭക്ഷണം കഴിക്കുന്നതിന് അവരെ പ്രേരിപ്പിക്കലും മയ്യിത്തിൻ്റെ അയൽവാസികൾക്കും, അകന്ന ബന്ധുക്കൾക്കും സുന്നത്താകുന്നു. ഞാൻ [ഇമാം നവവി] പറയുന്നു: ശാമിലിൻ്റെ കർത്താവ് പറഞ്ഞിരിക്കുന്നു: മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കുകയും, ജനങ്ങളെ അതിലേക്ക് ക്ഷണിച്ച് കൂട്ടുകയും ചെയ്യുന്നത് സംബന്ധിച്ച് ഒന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് മോശമായ ബിദ്അത്താകുന്നു.” (റൗളതുത്ത്വാലിബീൻ: വാല്യം 1, പേജ് 665).

നോക്കൂ, മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അയൽവാസികളും, അകന്ന ബന്ധുക്കളും മറ്റും അങ്ങോട്ട് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതാണ് സുന്നത്തെന്ന് ഇമാം ശീറാസിയും, നവവിയും -رَحِمَهُمَا اللَّه- വ്യക്തമാക്കുകയും, ഇന്ന് നമ്മുടെ നാടുകളിലും മറ്റും കാണപ്പെടുന്നതു പോലെ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ ജനങ്ങളെ ക്ഷണിച്ച് അവർക്കായി ഭക്ഷണം ഉണ്ടാക്കി നൽകുന്ന സമ്പ്രദായം ദീനിൽപ്പെട്ടതല്ലെന്നും, അത് മോശമായ ബിദ്അത്താണെന്നും ശാഫിഈ മദ്ഹബിലെ സമുന്നതനായ പണ്ഡിതനും, മുജ്തഹിദും, അശ്ശാമിൽ ഫീ ഫുറൂഇശ്ശാഫിഇയ്യ (الشامل في فروع الشافعية) എന്ന ഗ്രന്ഥത്തിൻ്റെ കർത്താവുമായ ഇമാം അബൂനസ്വ്‌ർ ഇബ്നുസ്സ്വബ്ബാഗ് -رَحِمَهُ اللَّه- യെ ഉദ്ധരിച്ചുകൊണ്ട് ഇമാം നവവി -رَحِمَهُ اللَّه- സമർത്ഥിക്കുകയും ചെയ്തിരിക്കുന്നു.

അപ്രകാരം തന്നെ, തഅ്‌സിയ്യത്ത് എന്ന പേരിൽ ജനങ്ങൾ മരണപ്പെട്ട വ്യക്തിയുടെ വീട്ടിലും മറ്റും സംഘടിക്കുന്നതും, വീട്ടുകാർ അവരെ പ്രതീക്ഷിക്കുകയും അവർക്കുള്ള ഭക്ഷണം ഒരുക്കുകയും മറ്റും ചെയ്യുന്നതുമായ സമ്പ്രദായവും നമ്മുടെ നാടുകളിൽ വ്യാപകമായി കാണാം. ഇതും ദീനിൽപ്പെട്ടതല്ല. മറിച്ച്, മരണ വീട് സന്ദർശിക്കുകയോ, മയ്യിത്തിൻ്റെ ഉറ്റവരെ കണ്ടുമുട്ടുകയോ ചെയ്യുമ്പോൾ അവരെ സമാശ്വസിപ്പിക്കുകയും, പിന്നീട് ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങൾക്കായി പിരിഞ്ഞു പോവുകയും ചെയ്യുകയാണ് വേണ്ടത്.

عَنْ جَرِيرِ بْنِ عَبْدِ اللهِ الْبَجَلِيِّ، قَالَ : ‹ كُنَّا نَعُدُّ الِاجْتِمَاعَ إِلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنَ النِّيَاحَةِ ›

ജരീറുബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാരിലേക്ക് ജനങ്ങൾ ഒരുമിച്ച് കൂടുന്നതും, മയ്യിത്തിനെ മറമാടിയതിനു ശേഷം ഭക്ഷണം ഒരുക്കുന്നതും [നബി -ﷺ- നിഷിദ്ധമാക്കിയ] നിയാഹത്തിലാണ് ഞങ്ങൾ [അഥവാ, സ്വഹാബികൾ] എണ്ണിയിരുന്നത്.’ (മുസ്നദ് അഹ്‌മദ് 6905, സുനൻ ഇബ്നുമാജ 1612).

ഇമാം നവവി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:

« قَالَ صَاحِبُ الشَّامِلِ، وَغَيْرُهُ : وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا، وَجَمْعُ النَّاسِ عَلَيْهِ، فَلَمْ يُنْقَلْ فيه شئ، وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ، وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ -رَضِيَ اللَّهُ عَنْهُ- قَالَ : ‹ كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ › رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ »

“ശാമിലിൻ്റെ കർത്താവും, മറ്റു പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു: മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കുകയും, ജനങ്ങളെ അതിലേക്ക് ക്ഷണിച്ച് കൂട്ടുകയും ചെയ്യുന്നത് സംബന്ധിച്ച് ഒന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് മോശമായ ബിദ്അത്താകുന്നു. ശാമിലിൻ്റെ കർത്താവിൻ്റെ [അഥവാ, ഇമാം ഇബ്നുസ്സ്വബ്ബാഗിൻ്റെ] പ്രസ്താവനയാണിത്. ഇതിന് ജരീറുബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീസ് തെളിവാക്കപ്പെടുന്നുമുണ്ട്. അദ്ദേഹം പറഞ്ഞു: ‘മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാരിലേക്ക് ജനങ്ങൾ ഒരുമിച്ച് കൂടുന്നതും, മയ്യിത്തിനെ മറമാടിയതിനു ശേഷം ഭക്ഷണം ഒരുക്കുന്നതും [നബി -ﷺ- നിഷിദ്ധമാക്കിയ] നിയാഹത്തിലായിട്ടാണ് ഞങ്ങൾ [അഥവാ, സ്വഹാബികൾ] എണ്ണിയിരുന്നത്.’ ഈ ഹദീസ് അഹ്‌മദിബ്നു ഹൻബലും, ഇബ്നുമാജയും സ്വഹീഹായ പരമ്പരയോടുകൂടി റിപോർട്ട് ചെയ്തിരിക്കുന്നു.” (ശറഹുൽ മുഹദ്ദബ്: വാല്യം 5, പേജ് 206-207).

ഇമാം ശീറാസി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:

« ويكره الجلوس للتعزية، لأن ذلك محدث، والمحدث بدعة »

“തഅ്‌സിയ്യത്തിനായി ഇരിക്കൽ കറാഹത്താണ്. അത് നൂതന സമ്പ്രദായവും, നൂതന സമ്പ്രദായം ബിദ്അത്തുമാകുന്നു.” (അൽ മുഹദ്ദബ്: വാല്യം 1, പേജ് 453).

ഇമാം നവവി -رَحِمَهُ اللَّه- തന്നെ വീണ്ടും രേഖപ്പെടുത്തുന്നു:

« قال الشافعي، وأصحابنا -رَحِمَهُمُ اللَّه- : يُكره الجلوس للتعزية، قالوا : يعني بالجلوس أن يجتمعَ أهلُ الميت في بيت ليقصدَهم مَن أراد التعزية، بل ينبغي أن يَتَصرَّفوا في حوائجهم، ولا فرقَ بين الرجال والنساء في كراهة الجلوس لها، صرَّحَ به المحاملي، ونقله عن نصّ الشافعي -رَضِيَ اللَّهُ عَنْهُ-، وهذه كراهةُ تنزيه إذا لم يكن معها مُحدَثٌ آخر، فإن ضُمَّ إليها أمرٌ آخر من البدع المحرمة كما هو الغالب منها في العادة، كان ذلك حراماً من قبائح المحرمات، فإنه مُحَدَث. وثبت في الحديث الصحيح : إنَّ كلَّ مُحدَثٍ بِدْعة، وكلّ بدعةٍ ضَلالة »

“ഇമാം ശാഫിഈയും, നമ്മുടെ അസ്വ്‌ഹാബും [ശാഫിഈ ഫുഖഹാക്കളും] -رَحِمَهُمُ اللَّه- പറഞ്ഞിരിക്കുന്നു: തഅ്‌സിയ്യത്തിനായി ഇരിക്കൽ കറാഹത്താണ്. അവർ പറയുന്നു: മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ തഅ്‌സിയ്യത്ത് ഉദ്ദേശിക്കുന്നവരെ ലക്ഷ്യമാക്കി ഒരു വീട്ടിൽ ഒരുമിച്ച് കൂടുന്നതാണ് തഅ്‌സിയ്യത്തിനായി ഇരിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് [ഇത് കറാഹത്താകുന്നു]. മറിച്ച്, അവർ തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി പിരിഞ്ഞു പോകേണ്ടത് അത്യാവശ്യമാണ്. തഅ്‌സിയ്യത്തിനായി ഇരിക്കൽ കറാഹത്താണ് എന്നതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസം ഇല്ല [എല്ലാവർക്കും കറാഹത്ത് തന്നെ!]. മഹാമിലി ഇക്കാര്യം വ്യക്തമാക്കുകയും, ഇമാം ശാഫിഈ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് ഈ വിഷയത്തിൽ നസ്സ്വ് ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനോടു കൂടെ മറ്റൊരു നൂതന സമ്പ്രദായവുമില്ലെങ്കിൽ ഈ ഇരുത്തം തൻസീഹിൻ്റെ കറാഹത്താകുന്നു. ഇനി ഇതിലേക്ക് സാധാരണ സംഭവിക്കുന്നത് പോലെ നിഷിദ്ധമായ വല്ല ബിദ്അത്തുകളും ചേരുന്ന പക്ഷം അത് ഏറ്റവും മോശമായ ഹറാമുകളിൽ ഒന്നായിത്തീരുന്നു. അത് നൂതന സമ്പ്രദായമാകുന്നു. “എല്ലാ നൂതന സമ്പ്രദായങ്ങളും ബിദ്അത്താകുന്നു; എല്ലാ ബിദ്അത്തുകളും വഴികേടുമാകുന്നു.” എന്ന് സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.” (അൽ അദ്കാർ: പേജ് 270-271).

ഇവിടെ, ‘ഇതിനോടു കൂടെ മറ്റൊരു നൂതന സമ്പ്രദായവുമില്ലെങ്കിൽ ഈ ഇരുത്തം തൻസീഹിൻ്റെ കറാഹത്താകുന്നു. ഇനി ഇതിലേക്ക് സാധാരണ സംഭവിക്കുന്നത് പോലെ നിഷിദ്ധമായ വല്ല ബിദ്അത്തുകളും ചേരുന്ന പക്ഷം അത് ഏറ്റവും മോശമായ ഹറാമുകളിൽ ഒന്നായിത്തീരുന്നു (وهذه كراهةُ تنزيه إذا لم يكن معها مُحدَثٌ آخر، فإن ضُمَّ إليها أمرٌ آخر من البدع المحرمة كما هو الغالب منها في العادة، كان ذلك حراماً من قبائح المحرمات)’ എന്ന ഇമാം നവവി -رَحِمَهُ اللَّه- യുടെ പരാമർശം പ്രത്യേകം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്.

ജനങ്ങളെ ഒരുമിച്ച് കൂട്ടി, നബി -ﷺ- യും അവിടുത്തെ അനുചരന്മാരും പ്രസ്തുത സന്ദർഭത്തിൽ പ്രത്യേകം പഠിപ്പിച്ചിട്ടില്ലാത്ത കർമ്മങ്ങളിൽ വ്യാപൃതരായിക്കൊണ്ടും, പ്രൗഢിയും ആഢംബരവും മറ്റും പ്രദർശിപ്പിക്കുന്നതിനായി സദ്യയും മറ്റും ഒരുക്കിക്കൊണ്ടും, പ്രത്യേകം ടെൻ്റുകളും പാർപ്പിട സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചുക്കൊണ്ടും മരണ വീടുകളെ പ്രത്യേകവത്ക്കരിച്ച് ഇന്ന് നമ്മുടെ നാടുകളിൽ കണ്ടുവരുന്ന സകല ആചാരങ്ങളും ഇമാം നവവി -رَحِمَهُ اللَّه- ഈ പരാമർശിച്ച ഏറ്റവും മോശമായ ഹറാമുകളിൽ ഉൾപ്പെടുന്നതാണ്.

ഇമാം ശീറാസിയുടെയും, നവവിയുടെയും -رَحِمَهُمَا اللَّه- ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് നാം മുകളിൽ വിവരിച്ച കാര്യങ്ങളുടെ സാരാംശം കേരളത്തിലെ പള്ളി ദർസുകളിൽ ഓതിപ്പഠിപ്പിക്കുന്ന കിതാബുകളിൽ പോലും നമുക്ക് വ്യക്തമായി കാണുവാൻ സാധിക്കുന്നതാണ്.

ഇമാം ഇബ്നുന്നഖീബ് -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:

« يندبُ تعزيةُ كلِّ أقاربِ الميتِ إلا الشابةَ الأجنبيةَ منَ الموتِ إلى ثلاثةِ أيامٍ تقريباً بعدَ الدفنِ. ويكرهُ الجلوسُ لها... ويُندبُ لأقاربِ الميتِ البُعداء وجيرانهِ أنْ يصلحوا طعاماً لأهلِ الميتِ الأقربينَ يكفيهم يومَهُم وليلتهم، ويلحُّ عليهمْ ليأكلوا، وما يفعلُهُ أهلُ الميتِ منْ إصلاحِ طعامٍِ وجمعِ الناسِ عليهِ بدعةٌ غيرُ حسنةٍ »

“മയ്യിത്തിനെ മറമാടിയതിനു ശേഷം മൂന്ന് ദിവസം വരെ, യുവതികളായ അന്യസ്ത്രീകൾ ഒഴികെയുള്ള മയ്യിത്തിൻ്റെ ബന്ധുക്കളെയെല്ലാം സമാശ്വസിപ്പിക്കൽ സുന്നത്താകുന്നു. തഅ്‌സിയ്യത്തിനായി ഇരിക്കൽ കറാഹത്താണ്... മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്ന് രാവിലും, പകലിലും ആവശ്യമായ ഭക്ഷണം തയ്യാറാക്കി നൽകലും, ഭക്ഷണം കഴിക്കുന്നതിന് അവരെ പ്രേരിപ്പിക്കലും മയ്യിത്തിൻ്റെ അകന്ന ബന്ധുക്കൾക്കും, അയൽവാസികൾക്കും സുന്നത്താകുന്നു. മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കുകയും, ജനങ്ങളെ അതിലേക്ക് ക്ഷണിച്ച് കൂട്ടുകയും ചെയ്യുന്നത് ചീത്തയായ ബിദ്അത്താകുന്നു.” (ഉംദതുസ്സാലിക്: പേജ് 175-176).

ശൈഖ് ബാഫള്ൽ ഹള്റമി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:

« وَيُنْدَبُ تَعْزِيَةُ كُلِّ أَقَارِبِ الْمَيِّتِ إِلَّا الشَّابَّةَ الْأَجْنَبِيَّةَ مِنَ الْمَوْتِ إِلَى ثَلَاثَةِ أَيَّامٍ بَعْدَ الدَّفْنِ. وَيُكْرَهُ الْجُلُوسُ لِلتَّعْزِيَةِ... وَيُنْدَبُ لأقارب المَيِّتِ الْبَعِيدَةِ أَوِ الجِيرَانِ أَنْ يَصْنَعُوا طَعَامًا لِأَهْلِ الْمَيِّتِ الْأَقْرَبِينَ يَكْفِيهِمْ يَوْمَهُمْ وَلَيْلَتَهُمْ، وَيُلِحُ عَلَيْهِمْ فِي الْأَكْلِ، وَيَحْرُمُ تَهَيُّأُهُ لِلنَّائِحَاتِ، وَمَا يَفْعَلُهُ أَهْلُ الْمَيِّتِ مِنْ إِصْلَاحِ طَعَامٍ وَجَمْعِ النَّاسِ عَلَيْهِ فَبِدْعَةٌ غَيْرُ حَسَنَةٍ »

“മയ്യിത്തിനെ മറമാടിയതിനു ശേഷം മൂന്ന് ദിവസം വരെ, യുവതികളായ അന്യസ്ത്രീകൾ ഒഴികെയുള്ള മയ്യിത്തിൻ്റെ ബന്ധുക്കളെയെല്ലാം സമാശ്വസിപ്പിക്കൽ സുന്നത്താകുന്നു. തഅ്‌സിയ്യത്തിനായി ഇരിക്കൽ കറാഹത്താണ്... മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്ന് രാവിലും, പകലിലും ആവശ്യമായ ഭക്ഷണം തയ്യാറാക്കി നൽകലും, ഭക്ഷണം കഴിക്കുന്നതിന് അവരെ പ്രേരിപ്പിക്കലും മയ്യിത്തിൻ്റെ അകന്ന ബന്ധുക്കൾക്കും, അയൽവാസികൾക്കും സുന്നത്താകുന്നു. അലമുറയിടുന്ന സ്ത്രീകൾക്ക് ഭക്ഷണം തയ്യാറാക്കി നൽകൽ ഹറാമാകുന്നു. മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കുകയും, ജനങ്ങളെ അതിലേക്ക് ക്ഷണിച്ച് കൂട്ടുകയും ചെയ്യുന്നത് ചീത്തയായ ബിദ്അത്താകുന്നു.” (അഷറതു കുതുബ്, നൂറുൽ അബ്സ്വാർ: പേജ് 89).

പളളി ദർസുകളിൽ പ്രാഥമികമായി ഓതിപ്പഠിപ്പിക്കുന്ന ‘പത്തു കിതാബിൽ (عشرة كتب)’ പോലും ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നു എന്ന് വരുമ്പോൾ ദർസിൽ പോയിട്ടുള്ള ഏതൊരു ചെറിയ കുട്ടിക്കും അറിയുന്ന കാര്യമാണ് ഇതെന്ന് വ്യക്തം! എന്നിട്ടും ‘കിതാബ് ഓതിയവർ’ എന്ന് അവകാശപ്പെടുകയും, നാം അപ്രകാരം ധരിച്ചു വെക്കുകയും ചെയ്തിട്ടുളളയാളുകൾ തങ്ങളുടെ കൺമുന്നിൽ ഇത്തരം അനാചാരങ്ങൾ നടമാടുമ്പോൾ അതിനെയൊന്നും എതിർക്കാറില്ല എന്നത് ഖേദകരമാണ്. എന്നല്ല, അവരും അത്തരം ബിദ്അത്തുകളിൽ ഭാഗവാക്കാകുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്.

അറിവ് നേടുകയും, എന്നിട്ട് അത് തങ്ങൾക്ക് ഉപകരിക്കാതെ പോവുകയും ചെയ്യുകയെന്നത് എത്ര വലിയ ദുരന്തമാണ്!

അല്ലാഹുവിൻ്റെ ദീൻ ശരിയായി മനസ്സിലാക്കുവാനും, വിശ്വാസരംഗത്തും കർമ്മരംഗത്തും പിൽക്കാലത്ത് കടന്നു കൂടിയ ബിദ്അത്തുക്കളെ തിരിച്ചറിഞ്ഞ് അതിൽ നിന്നും, അതിൻ്റെ ആളുകളിൽ നിന്നും പരിപൂർണമായും ഒഴിഞ്ഞു നിൽക്കുവാനും നാം ഓരോരുത്തരും സദാ പരിശ്രമിക്കേണ്ടതുണ്ട്.

അല്ലാഹു അതിനു വേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളെ വിജയിപ്പിക്കട്ടെ... ആമീൻ...
===================================

അറിവ് കരസ്ഥമാക്കുവാനും, അത് പ്രചരിപ്പിക്കുവാനും റബ്ബ് തുണക്കട്ടെ... ഈ നന്മയുടെ സംരംഭത്തിൽ നിങ്ങളുടെ സുഹൃത്തുക്കളെയും അംഗമാക്കുക...

*9567610024 (ADMIN, ദീനുൽ ഇസ്‌ലാം, WhatsApp ISLAMIC Group)*

Comments