*നമ്മുടെ മാനദണ്ഡം ശരീഅത്തായിരിക്കട്ടെ!*
✍️ മുബീൻ തിരുവനന്തപുരം.
ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ അൽ ജീലാനീ -رَحِمَهُ اللَّه- യുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു സംഭവം ശൈഖ് സൈനുദ്ദീൻ മഖ്ദൂം -رَحِمَهُ اللَّه- തൻ്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു:
وحكي عن عبد القادر الجيلاني -رَحِمَهُ اللَّه- أنه عطش في بعض سياحاته، فرأى إناءً من فضة معلقاً في السماء، فأدلى عليه في سحابة، وسمع صوتاً داخلها : ‹ اشرب يا عبد القادر، قد أبحنا لك المحرّمات، وأسقطنا عنك الواجبات › فقال رضي الله عنه ونفعنا به : « اجتنبنا يا ملعون، لست أكرم على الله من نبيه محمد -ﷺ-، فإنه لم يفعل له شيء من ذلك »
(ആശയം): യാത്രയിലായിരിക്കെ ശൈഖ് ജീലാനീ -رَحِمَهُ اللَّه- ക്ക് ദാഹം അനുഭവപ്പെട്ടു. അപ്പോൾ ആകാശത്ത് വെള്ളിയുടെ ഒരു പാത്രം തൂങ്ങിക്കിടക്കുന്നതായി അദ്ദേഹം കണ്ടു. മേഘത്തിലൂടെ വന്ന ആ പാത്രം അദ്ദേഹത്തിൻ്റെ അടുത്തെത്തി. അതിൽ നിന്ന് ഇപ്രകാരം ഒരു ശബ്ദം കേട്ടു: ‘അല്ലയോ അബ്ദുൽ ഖാദിർ, താങ്കൾ കുടിച്ചുകൊള്ളുക! നിഷിദ്ധമായതെല്ലാം താങ്കൾക്ക് നാം അനുവദനീയമാക്കുകയും, നിർബന്ധമായതെല്ലാം താങ്കളിൽ നിന്ന് നാം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.’ അപ്പോൾ ശൈഖ് ജീലാനീ -رَحِمَهُ اللَّه- പ്രതികരിച്ചു: “ശപിക്കപ്പെട്ടവനേ, എന്നിൽ നിന്ന് ദൂരെ പോകൂ! അല്ലാഹുവിങ്കൽ അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി -ﷺ- യെക്കാൾ ആദരണീയനല്ല ഞാൻ! അവിടുത്തേക്ക് പോലും ഇപ്രകാരം ഒന്നും അനുവദിക്കപ്പെട്ടിട്ടില്ല.” (ഇർഷാദുൽ ഇബാദ്, പേജ്: 180).
=====
ഒരു യാത്രക്കിടെ ദാഹിച്ച് അവശനായ ശൈഖ് ജീലാനീ -رَحِمَهُ اللَّه- യുടെ മുന്നിൽ വാനലോകത്ത് നിന്ന് വെള്ളിയുടെ ഒരു പാത്രത്തിൽ കുടിവെള്ളം പ്രത്യക്ഷപ്പെടുന്നു.
സ്വർണ്ണത്തിൻ്റെയും, വെള്ളിയുടെയും പാത്രങ്ങളിൽ ഭക്ഷിക്കുകയും, കുടിക്കുകയും ചെയ്യുകയെന്നത് ഇസ്ലാം ഹറാമാക്കിയ കാര്യങ്ങളിൽപ്പെട്ടതാണ്.
عَنْ حُذَيْفَة -رَضِيَ اللَّهُ عَنْهُ-، قَالَ : ‹ إِنَّ النَّبِيَّ -ﷺ- نَهَانَا عَنِ الْحَرِيرِ وَالدِّيبَاجِ، وَالشُّرْبِ فِي آنِيَةِ الذَّهَبِ وَالْفِضَّةِ ›
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘നേരിയതും കട്ടിയുള്ളതുമായ പട്ടുകൾ ധരിക്കുന്നതും, സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങളിൽ കുടിക്കുന്നതും നബി -ﷺ- ഞങ്ങളോട് വിരോധിച്ചിരിക്കുന്നു.’ (സ്വഹീഹുൽ ബുഖാരി 5632).
عَنْ أُمِّ سَلَمَةَ زَوْجِ النَّبِيِّ -ﷺ-، أَنَّ رَسُولَ اللَّهِ -ﷺ-، قَالَ : « الَّذِي يَشْرَبُ فِي آنِيَةِ الْفِضَّةِ إِنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ »
പ്രവാചക പത്നി ഉമ്മുസലമ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതർ -ﷺ- അരുളി: “വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തൻ്റെ വയറ്റിൽ നരകാഗ്നിയാണ് നിറയ്ക്കുന്നത്.” (സ്വഹീഹ് മുസ്ലിം 2065).
വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നത് ഇസ്ലാം ഹറാമാക്കിയിരിക്കെ തൻ്റെ മുന്നിൽ അത് പ്രത്യക്ഷപ്പെടുകയും: ‘അല്ലയോ അബ്ദുൽ ഖാദിർ, താങ്കൾ കുടിച്ചുകൊള്ളുക! നിഷിദ്ധമായതെല്ലാം താങ്കൾക്ക് നാം അനുവദനീയമാക്കുകയും, നിർബന്ധമായതെല്ലാം താങ്കളിൽ നിന്ന് നാം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു (اشرب يا عبد القادر؛ قد أبحنا لك المحرّمات وأسقطنا عنك الواجبات).’ എന്ന് അതിൽ നിന്ന് അശരീരിയുണ്ടാവുകയും ചെയ്തപ്പോൾ പണ്ഡിതനായ ശൈഖ് ജീലാനീ -رَحِمَهُ اللَّه- അത് പിശാചിൻ്റെ കുതന്ത്രമാണെന്ന് വളരെ എളുപ്പം തിരിച്ചറിഞ്ഞു.
എന്തെന്നാൽ, ശരീഅത്ത് നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിക്കുകയെന്നത് തക്ലീഫുള്ള എല്ലാ ഓരോ വ്യക്തിയുടെ മേലിലും നിർബന്ധമാണ്; അപ്രകാരം തന്നെ, ശരീഅത്ത് നിഷിദ്ധമാക്കിയ കാര്യങ്ങൾ വെടിയുകയെന്നതും തക്ലീഫുള്ള എല്ലാ ഓരോ വ്യക്തിയുടെ മേലിലും നിർബന്ധമാണ്.
ആരുടെയും സ്ഥാന-മാനങ്ങൾ കാരണമായി ഈ വിധിയിൽ ഒരാൾക്കും യാതൊരു ഇളവും നൽകപ്പെടുകയില്ല.
“ശപിക്കപ്പെട്ടവനേ, എന്നിൽ നിന്ന് ദൂരെ പോകൂ! അല്ലാഹുവിങ്കൽ അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി -ﷺ- യെക്കാൾ ആദരണീയനല്ല ഞാൻ! അവിടുത്തേക്ക് പോലും ഇപ്രകാരം ഒന്നും അനുവദിച്ചിട്ടില്ല (اجتنبنا يا ملعون؛ لست أكرم على الله من نبيه محمد -ﷺ-، فإنه لم يفعل له شيء من ذلك).” എന്ന ശൈഖിൻ്റെ പ്രതികരണം നമ്മുടെ മനസ്സിൽ നാം വളരെ പ്രാധാന്യപൂർവ്വം കുറിച്ചിടേണ്ടതുണ്ട്.
‘അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠർ മുഹമ്മദ് നബി -ﷺ- യാണ്. മറ്റു മുർസലീങ്ങളും, നബിമാരും, ഔലിയാക്കളും, മലക്കുകളുമെല്ലാം സ്ഥാനവും മഹത്വവും കൊണ്ട് അവിടുത്തേക്ക് താഴെയാണ്. അങ്ങനെയുള്ള ആ പ്രവാചകന് പോലും അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യം അനുവദിച്ച് കൊടുക്കുകയോ, നിർബന്ധമാക്കിയ ഒരു കാര്യം ഒഴിവാക്കി കൊടുക്കുകയോ ചെയ്തിട്ടില്ല. എന്നിരിക്കെ മറ്റൊരാൾക്ക് എങ്ങനെയാണ് ഇതെല്ലാം സാധ്യമാവുക?’ എന്ന പ്രസക്തമായ ചോദ്യം ശൈഖ് ജീലാനീ -رَحِمَهُ اللَّه- യുടെ പ്രസ്തുത പ്രതികരണത്തിൽ പ്രകടമാകുന്നുണ്ട്.
സത്യവും, അസത്യവും വേർതിരിച്ച് മനസ്സിലാക്കുവാൻ നാം അവലംബിക്കേണ്ട മാനദണ്ഡവും ഇത് തന്നെയായിരിക്കണം.
അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ആരെങ്കിലും ഒഴിവാക്കുകയും, നിഷിദ്ധമാക്കിയ കാര്യങ്ങൾ ആരെങ്കിലും പ്രവർത്തിക്കുകയും ചെയ്യുന്നത് കണ്ടാൽ അത്തരം ആളുകൾ ദീനിൽ അവലംബിക്കപ്പെടാൻ യോഗ്യരല്ല എന്ന് നിർബന്ധമായും നാം തിരിച്ചറിയണം.
ഇന്ന് ത്വരീഖത്തുകളുടെയും, ശൈഖുമാരുടെയും, ഔലിയാക്കളുടെയും, കറാമത്തുകളുടെയും ഒക്കെ പേരിൽ എന്തെല്ലാം വഴികേടുകളും, അന്ധവിശ്വാസങ്ങളുമാണ് പണ്ഡിത വേഷധാരികൾ ഈ സമൂഹത്തിൽ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്!!!
നമസ്കരിക്കാതെയും, നോമ്പ് അനുഷ്ഠിക്കാതെയും മറ്റും ജീവിച്ച; മറ്റുള്ളവരുടെ നമസ്കാരം മുടക്കുകയും, നോമ്പ് മുറിപ്പിക്കുകയും ഒക്കെ ചെയ്തയാളുകൾ ഔലിയാക്കളാണത്രെ!!!
താടി വടിക്കുകയും, ബീഢി വലിക്കുകയും, മദ്യപിക്കുകയും മറ്റും ചെയ്ത് നടന്നയാളുകൾ ഔലിയാക്കളുടെ നേതാക്കന്മാരാണത്രെ!!!
സംഗീതത്തിൻ്റെ അകമ്പടിയോടെ അന്യ സ്ത്രീ-പുരുഷന്മാരെ ഇടകലർത്തി സദസ്സുകൾ സംഘടിപ്പിക്കുകയും, അവരെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും, അത് കണ്ട് ആസ്വദിക്കുകയും ഒക്കെ ചെയ്യുന്നയാളുകൾ മുറബ്ബിയായ ശൈഖുമാരാണത്രെ!!!
ദീനിയ്യായി യാതൊരു വിവരവും ഇല്ലാത്ത ജാഹിലീങ്ങളും, അന്ധവിശ്വാസികളും, ശിർക്ക് ചെയ്യുന്നവരുമായ ആളുകൾ സന്മാർഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ശൈഖുമാരാണത്രെ!!!
ഇങ്ങനെ എത്രയെത്ര വങ്കത്തങ്ങൾ!!!
ഇത്തരം ഹറാമുകൾ അല്ലാഹുവിൻ്റെ പൊരുത്തം കാംക്ഷിക്കുന്ന സ്വാലിഹായ ഒരു മനുഷ്യനിൽ നിന്ന് ഉണ്ടാവുകയില്ലെന്ന വസ്തുത മനസ്സിലാക്കി; ഈ വ്യാജന്മാരെ തള്ളിക്കളയുന്നതിന് പകരം അവരുടെ പിന്നാലെ കൂടിയ പണ്ഡിത വേഷധാരികളുടെ ദുർബോധനങ്ങളിൽ അകപ്പെട്ട്: ‘അല്ലാഹുവിനോട് അടുത്തവർക്ക് എന്തും ആകാം’ എന്ന പിഴച്ച വിശ്വാസം പേറി നടക്കുകയാണ് അധികപേരും.
എത്ര അപകടകരമാണിത്!!!
നാം മുകളിൽ ഉദ്ധരിച്ച ശൈഖ് ജീലാനീ -رَحِمَهُ اللَّه- യുമായി ബന്ധപ്പെട്ട സംഭവവും, നാം ഇതുവരെ സൂചിപ്പിച്ച വസ്തുതകളും മുന്നിൽ വെച്ചുകൊണ്ട് ‘ത്വരീഖത്ത്’ , ‘ശൈഖ്’ , ‘വലിയ്യ്’ , ‘കറാമത്ത്’ എന്നീ പദപ്രയോഗങ്ങളുടെ മറവിൽ സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വഴികേടിലധിഷ്ഠിതമായ വിശ്വാസങ്ങളിൽ നാമും അകപ്പെട്ട് പോയിട്ടുണ്ടോ എന്ന് നാം ഓരോരുത്തരും സ്വയം വിലയിരുത്തി നോക്കേണ്ടതുണ്ട്.
അല്ലാഹു എല്ലാ തരം വഴികേടുകളിൽ നിന്നും, പിശാചിൻ്റെയും അവൻ്റെ കൂട്ടാളികളുടെയും ദുർബോധനങ്ങളിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ... ആമീൻ...
Comments
Post a Comment